Friday, September 18, 2009

കാത്തിരിപ്പുകള്‍

ശൈശവം നല്‍കുന്ന കാത്തിരിപ്പുകള്‍ ,
ഉറ്റവര്‍ക്കായ്‌ കാല്‍വളരുവാനോ കൈവളരുവാനോ ?
ബാല്യത്തിലിവനോ കാത്തിരുന്നിതേതോ
സ്വപ്‌നത്തിന്‍ പരവതാനിയില്‍ -
ആജ്ഞാനുവര്‍ത്തിയാം ഭൂതത്തെയും.
കൗമാരവീഥിയില്‍ കാത്തിരുന്നിവനേതോ
കുമാരിയെ,ആദ്യമായ്‌ പൊടിഞ്ഞൊരാരോമ
ഹര്‍ഷത്തിന്‍ കളിത്തട്ടിലേക്കാനയിക്കുവാനോ ?
കാത്തിരിക്കുന്നൂ ഉടയോരില്‍ ചിലര്‍ ,കര്‍മ്മ-
ബന്ധത്തിന്‍ പുതുകണ്ണിയെ തന്‍
പിന്‍തലമുറയ്‌ക്കായ്‌ വിളക്കിക്കുവാനവന്റെ യൗവ്വനത്തിനായ്‌!
തന്‍ തലമുറയ്‌ക്കന്യം ഭവിക്കാതിരിക്കാ-
നിവര്‍ ; ദമ്പതിമാര്‍ കാത്തിരിക്കുന്നൊരുണ്ണിക്കിടാവിനെ.
പിന്നെയും നീളുന്ന കാത്തിരിപ്പുകളില്‍ -
ഉണ്ണികളോരോന്നും കാത്തിരിക്കുന്നു
ഉടയോരുടെ കാലശേഷത്തിനായ്‌,
ഇനിയും നീളുന്ന കാത്തിരിപ്പിനായെ-
നിക്കിവിടെ ശേഷിക്കുന്നു കാലവും.......

Monday, August 31, 2009

ആത്മ വ്യഥകള്‍

``ആരാ മനസ്സിലായില്ലല്ലോ?''
ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ ഞാന്‍ ജീവിച്ച മണ്ണില്‍ നിന്നു കേട്ട ആ ചോദ്യം
എന്നിലുണ്ടാക്കിയ അമ്പരപ്പില്‍ നിന്നും മുക്തനാകുമ്പോഴേക്കും അടുത്ത
ചോദ്യമുയര്‍ന്നു.
``ഇതാരാപ്പാ ഇവിടെയൊന്നും കാണാത്തൊരാള്‌?''
വെറും രണ്ടുവര്‍ഷങ്ങള്‍ കൊണ്ട്‌ ഈ മണ്ണാകെ മാറിപ്പോയിരിക്കുന്നു,അതോ മാറ്റങ്ങള്‍
വന്നിരിക്കുന്നത്‌ എന്നിലാണോ? അറിയില്ല.ഏറെ നേരം കഴിഞ്ഞിട്ടും ആ ചോദ്യം എന്റെ
കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
``ആരാണു ഞാന്‍ ?''
എന്നും ഞാന്‍ ഉത്തരം തേടി അലഞ്ഞിട്ടുള്ള ചോദ്യമല്ലേ ഇത്‌.മണ്ണില്‍ ജനിച്ചു
മണ്ണില്‍ മറഞ്ഞവര്‍ക്കാര്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ചോദ്യം -
`` ആരാണു ഞാന്‍ ?''.
വ്യര്‍ത്ഥമായ ഈ ചോദ്യവും പേറിയുള്ള യാത്രകള്‍,ഹൊ ! കഷ്ടം.എന്തിനു വേണ്ടിയാണ്‌ ഈ
യാത്രകള്‍ ? വൃഥാവിലാകുന്ന കാത്തിരിപ്പുകള്‍ ...
ഉത്തരമില്ലാത്ത ഈ ചോദ്യമായിരുന്നോ എന്നിലെ പറിച്ചുനടലിനു കാരണമായത്‌ ? ഇതിനു
വേണ്ടിയായിരുന്നോ ഈ മണ്ണില്‍ പുതഞ്ഞുതുടങ്ങിയ എന്റെ തായ്‌ വേരുകള്‍
വെട്ടിമാറ്റിയത്‌....
എന്റെ സ്വപ്‌നങ്ങള്‍ , അവയായിരുന്നു സ്വപ്‌നങ്ങള്‍ കാണാന്‍ മാത്രമ്മുള്ളവയെന്ന്‌
എന്നെ പഠിപ്പിച്ചത്‌.നാളുകള്‍ക്കിപ്പുറം എന്റെ സ്വപ്‌നങ്ങളില്‍ കറുപ്പും വെളുപ്പും
മാത്രം.ഞാന്‍ കണ്ട നിറമുള്ള സ്വപ്‌നങ്ങള്‍ ഇന്നെനിക്കു പഴങ്കഥയായ്‌ പോലും
ഓര്‍ത്തെടുക്കാന്‍ താല്‌പര്യമില്ലാതായിരിക്കുന്നു .
എന്റെ മണ്ണില്‍ ഞാനിന്നു പ്രവാസിയായിരിക്കുന്നു,വേരുകള്‍ ഇല്ലാത്ത വെറും
ഇത്തിള്‍കണ്ണി പോലെ എന്റെ ജന്മവും . ഇനിയുള്ള നാളെകള്‍ എന്റെ
കാത്തിരിപ്പുകളായിരിക്കും , എന്റെ മണ്ണിലേക്ക്‌ മണ്ണായി മടങ്ങുവാന്‍ ....
ആരവങ്ങളില്ലാതെ, യാത്രയയപ്പുകളില്ലാതെ ബന്ധങ്ങളുടെ ചങ്ങലകളില്ലാത്ത ലോകത്തിലേക്ക്‌
ഒറ്റയാനായ്‌....?

Friday, July 17, 2009

ഭ്രമരം

ഭ്രമമാണ്‌ പ്രണയം എന്നറിയുമ്പോഴും
വെറും ഭ്രമത്തെ തിരയുന്ന ഭ്രമരമാണ് ഞാന്‍
സ്നേഹമാം കുസുമത്തിന്‍ തേന്‍
മധുരം നുണയുവാന്‍ ഇരമ്പി
പറക്കുന്നൊരാ ഭ്രമരമാണ് ഞാന്‍
നുകര്ന്നൊരാ മധുവിന്‍ മദൊന്മത്തിയില്‍
നിന്‍ മടിയില്‍ വീണുറങ്ങുവാന്‍
കൊതിക്കുന്നു ഞാന്‍ പ്രണയകുസുമമേ ,
അലയണം നാളെ പുതിയ മധുതേടി
നുകരണം നവം നവരസങ്ങളെ ;
കൊതിക്കുന്നു ഞാന്‍ അപ്പൊഴും പ്രണയകുസുമമേ ,
ഇനിയും ഞാന്‍ ഉണരാതിരുന്നെങ്കില്‍ -
നീ നീ എനിക്കു മാത്രം !
ഭ്രമമാണ്‌ പ്രണയംഎന്നറിയുമ്പോഴും
വെറും ഭ്രമത്തെ തിരയുന്ന ഭ്രമരമാണ് ഞാന്‍ !

Saturday, March 14, 2009

സ്മൃതി ഭ്രംശം

യാത്രകള്‍ ഏറെ ഇഷ്ടമായിരുന്ന എനിക്ക് ആ യാത്രയ്ക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല . എന്തോ എനിക്കന്ന്‍ അവിടേക്ക് പോകാന്‍മനസ്സുവന്നില്ല . എന്നത്തെയും പോലെ അന്നും എന്റെ പ്രതിബിംബം കണികണ്ടുണര്ന്നപ്പോള്‍ ആരോ എന്റെ പിന്നില്‍ നില്കുന്നതായി തോന്നി . ആരാണ് ഇവിടെ എനിക്ക് പിന്നില്‍ നില്‍കാന്‍ മാത്രം , ഇവിടെ ഏററവും പിന്നില്‍ നില്‍ക്കുന്നവന്‍ ഞാനാണല്ലോ ...!
അതേക്കുറിച്ചോര്‍ത്ത് സമയം പോയതിനാലാവാം ഞാനന്ന്‍ ഓഫീസിലെത്തുമ്പഴേക്കും ഒത്തിരി വൈകിയിരുന്നു . അപ്പോഴും എന്റെ ചിന്ത യേന്ര്‍ഗെ പിന്നില്‍ നിന്ന ആ പ്രതിബിംബത്തെക്കുറിച്ചായിരുന്നു , അതുകൊണ്ടാവാം അന്നെനിക്ക് പോകേണ്ടിയിരുന്ന സ്തലത്തെക്കുറിച്ചുപോലും ഞാന്‍ ഓര്‍ക്കാതിരുന്നത് . മൊബൈലിലെ റിമൈന്റര്‍ അലാറം കേട്ടുകൊണ്ടാവണം ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത് .
അശ്വരഥം എന്ന് വിളിപ്പേരുള്ള എന്റെ ഇരുചക്ര വാഹനത്തില്‍ ഞാന്‍ അവിടേക്ക് പുറപ്പെട്ടു .ആ സ്ഥലം എനിക്ക് പരിച്ചയമുല്ലതായിരുന്നോ എന്നെനിക്കറിയില്ല ; ചിലപ്പോള്‍ ആയിരിക്കും . ഇടക്കെപ്പോഴോ വണ്ടിയുടെ റിയര്‍ വ്യൂ മിററില്‍ നോക്കിയപ്പോള്‍വീണ്ടും ഞാന്‍ അയാളെ കണ്ടു , ഞാനൊന്നു ഭയന്നുവോ ? ഇല്ല . അതിനെനിക്കാവില്ലല്ലോ ,എന്റെ പ്രിയപ്പെട്ടവളുടെ മുഖം കണ്ടു ഭയക്കാന്‍അതെ അതവളായിരുന്നു ചന്ദ്രമുഖി എന്ന് കളിയാക്കി വിളിച്ചിരുന്ന എന്റെ സഹപാഠി . അവളെപ്പോഴാണ് എന്റെ പിറകിലിരുന്നത് . ഞാന്‍ അതാലോചിച്ച് കൊണ്ടിരിക്കേ അവള്‍ ചോദിച്ചു ,
" എന്താടോ എന്നെ കണ്ടിട്ട് മനസ്സിലാകാത്തതുപോലെ , മറന്നോ എന്നെ "
അതെ മറന്നിരുന്നിരുന്നോ ഞാനവളെ , അത്രയെളുപ്പം മറക്കാനാകുമോ എനിക്കവളെ ? ഇത്രയും കാലത്തെ ജീവിതത്തിനിടെഎന്നെ മനസ്സിലാക്കാന്‍ ശ്രമിച്ച ഒരേ ഒരു ആളെ ഉണ്ടായിരുന്നുള്ളൂ , അതവളാണ് . എന്റെ എത്രയും പ്രിയപ്പെട്ട അവളാണ് എന്റെപുറകിലിരിക്കുന്നത് .അവളുടെ മുഖത്തിന്റെ ഒരുഭാഗം പൊള്ളലേററിട്ടുണ്ടോ ? അതെ, കെമിസ്ട്രി ലാബില്‍നിന്നും ഞാന്‍ വിളിച്ചിട്ടുംപുറത്തിറങ്ങാതിരുന്ന അവളുടെ മുഖത്തേക്ക് ഞാന്‍ തന്നെയാണല്ലോ ആ കോണിക്കല്‍ ഫ്ലാസ്ക് വലിച്ചെറിഞ്ഞത് , അതുകാരണമല്ലേ കൊളുത്തിവച്ച നിലവിളക്ക് പോലിരുന്ന അവളുടെ മുഖം കരിന്തിരി കത്തിയപോലെ ആയത് . അന്നു പിരിഞ്ഞതാ അവളുമായി ,പിന്നെ എപ്പഴോ അറിഞ്ഞു അവള്‍ എന്നെന്നേക്കുമായി ...
"ദൈവമേ ...." ഞാന്‍ ആദ്യമായി വിളിച്ചുപോയോ .....!
കാലിലൂടെ ഒഴുകിയ രക്തത്തിന്റെ തണുപ്പാല്‍ ഉണര്‍ന്ന ഞാന്‍ റോഡില്‍ കിടക്കുകയായിരുന്നു . പുറകിലുടെ വന്ന ആ ബസ് എന്നെ ഇടിചിടുകയായിരുന്നത്രെ . അതെന്താ ഓടിക്ക്‌ുടിയവര്‍ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ ആ വീണുകിടക്കുന്നവന്റെ ചുറ്റും കൂടിനില്കുന്നതു ...അവന് എന്റെ മുഖമാണല്ലോ .... അപ്പോള്‍ ഞാന്‍ ... എനിക്കിനി ശരീരമില്ലെ ... എന്നെ തിരിച്ചറിയാന്‍ ഇനിയാര്‍ക്കും ...!