Monday, March 29, 2010

അപ്രിയ സത്യം

അന്ന്
അന്നു ഞാൻ പറഞ്ഞതിലധികവു-
മസത്യങ്ങൾ ,തിരിച്ചറിവുകളി –
ലെത്താത്തവന്റെ നേരുകൾ .

ഇന്ന്
ഇന്ന് പറയാൻ കൊതിക്കുന്ന
സത്യങ്ങൾ ,തിരിച്ചറിവു
നേടിയവന്റെ നേരറിവുകൾ
ആ പ്രിയ സത്യങ്ങള-
വരുടെ അപ്രിയ സത്യങ്ങളത്രേ !
സത്യാന്വേഷിയാകുവാനുള്ള
മോഹമില്ലെങ്കിലും
പ്രവർ‌ത്തിയിലല്പമെങ്കിലും
സത്യസന്ധത കാംക്ഷിച്ചത്
എന്റെ കുറ്റമോ ?

Monday, March 15, 2010

ഒരുമാരിവില്ലായ് നീ വിരിഞ്ഞുവെങ്കിൽ ....

തുളുമ്പിയോ നിന്മിഴി
നീയറിയാതെ ...
ഈ വഴിയാത്രയിൽ
പിരിയുവാൻ നേരം
തുടച്ചീലയെന്തേ നീ
നിൻകവിൾത്തടങ്ങൾ
എനിക്കായ് പൊഴിഞ്ഞതോ
ഈ തേൻകണങ്ങൾ

പകർന്നീലയെന്തേ..., നീ
നിന്നിൽ വിടർന്നതാം ...
അനുരാഗകുസുമത്തിൻ
സൌരഭ്യമെന്നിൽ
തഴുകീലയെന്നെ നീ
ഒരുകുളിർതെന്നലായ്
ഉരുകും വേനലിൻ
ആശ്വാസമേകാൻ

പറയാതെ നീയെന്നിൽ
പകർന്നതാമീ
അനുരാഗതാപത്താൽ
തിളയ്ക്കുന്നിതായെൻ
സിരകളിലിന്നും
ഒരു ശോണബിന്ദുവായ്
തെളിഞ്ഞിരിന്നോട്ടെ ഞാൻ
നിന്റെ സീമന്തരേഖയിൽ
മാത്രമിന്നും
സമ്മതമോതുവാൻ
കഴിഞ്ഞീലയെന്നാലും
മായ്ക്കാതിരിക്കാമോ
ഈ രക്തവർണ്ണം നിൻ
സിന്ദൂരരേഖയിൽ മറയും വരെ

മനസ്സിലെ മോഹങ്ങൾ
പൊഴിയാൻ കൊതിക്കുമ്പോൾ
ഒരു മാരിവില്ലായ് നീ
വിരിഞ്ഞുവെങ്കിൽ
ഒരുമാരിവില്ലായ് നീ
വിരിഞ്ഞുവെങ്കിൽ ....